CLOSE

രേഷ്മയ്‌ക്കെതിരെയുളള സൈബര്‍ ആക്രമണം; ജീവനൊടുക്കേണ്ടി വരുമെന്ന് കുടുംബം

Share

കണ്ണൂര്‍: സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങള്‍ക്കു മുമ്പില്‍ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

അയല്‍ക്കാരന്‍ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങള്‍ക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നല്‍കിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങള്‍ക്കു പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജന്‍ അടക്കമുള്ളവരുടെ ഫെയ്‌സ്ബുക് പോസ്റ്റുകളുടെ പകര്‍പ്പു കൂടി ഉള്‍പ്പെടുത്തി കുടുംബാംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.വി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രേഷ്മ അധ്യാപകജോലി രാജിവെച്ചു. പുന്നോല്‍ അമൃത വിദ്യാലയത്തില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇവര്‍. കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രാജി നല്‍കിയത്. രാജിക്കത്ത് ലഭിച്ചതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവു കൈമാറിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

രേഷ്മയുടെയും അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത് രസീതു പോലും നല്‍കാതെയാണെന്നും കുടുംബം ആരോപിച്ചു. സൈബര്‍ ഇടങ്ങളില്‍ തങ്ങളെ ആക്രമിച്ചവര്‍ക്കു തന്റെ ചിത്രങ്ങള്‍ ചോര്‍ത്തി നല്‍കിയത് പോലീസ് സ്റ്റേഷനില്‍ നിന്നാണെന്നും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്.

കേസിലെ 14ാം പ്രതി നിജില്‍ ദാസിനെ കഴിഞ്ഞ ദിവസം രേഷ്മയുടെ ഭര്‍ത്താവ് ടി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ വച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *