CLOSE

കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഒന്‍പതുവയസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Share

കാഞ്ഞാണി: വയറിളക്കവും ഛര്‍ദിയും ബാധിച്ച് ഒന്‍പതുവയുകാരി മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയയാണ് മരിച്ചത്. കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണോ മരിച്ചതെന്ന് സംശയമുണ്ട്. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഞായറാഴ്ച തറവാട്ടില്‍ നടന്ന കുടുംബസംഗമത്തിന് ഭക്ഷണം എത്തിച്ചത്.

ചോറും മീനും മാംസവുമായിരുന്നു വിഭവങ്ങള്‍. കുടുംബസംഗമത്തിനിടെ ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടെങ്കിലും ആരും ആശുപത്രിയില്‍ ചികിത്സയിലില്ല. ഇന്നലെ പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് വയറിളക്കമുണ്ടായത്. പിന്നാലെ ഛര്‍ദിയും തുടങ്ങി. തുടര്‍ന്ന് 11 മണിയോടെ പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവശനിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസിന് മൊഴി നല്‍കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാരണം വ്യക്തമാകൂവെന്ന് അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം പറഞ്ഞു. ആരോഗ്യവകുപ്പും തെളിവെടുപ്പ് നടത്തും. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആന്‍സിയ.

Leave a Reply

Your email address will not be published.