കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍, പരീക്ഷ കണ്ട്രോളര് അവധിയിലേക്ക്. പിഴവിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷ കണ്ട്രോളര് പി.ജെ വിന്‍സെന്റ് കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധിയിലേക്ക് പോകുന്നത്. ഈ മാസം 28 മുതല്‍ എട്ട് ദിവസത്തേയ്ക്കാണ് അവധിയില്‍ പ്രവേശിക്കുക.
സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ വി.സിയെ കണ്ട് പി.ജെ വിന്‍സന്റ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാല്‍, ഉടന്‍ രാജി വെയ്ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയിലുണ്ടായത്. എന്നാല്‍, ഇതിന് ശേഷം അവധിയില്‍ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 21 ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആള്‍ഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവര്‍ത്തിച്ചത്.
അതേസമയം, ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ രണ്ടംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.