കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത് ഓണ്‍ലൈന്‍ റമ്മി കളിച്ചതിനെ തുടര്‍ന്ന് പണം നഷ്ടമായത് കൊണ്ടാണ് എന്ന് റിപ്പോര്‍ട്ട്. ക്രൈബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് യുവതിയുടെ പക്കല്‍ നിന്നും ഏകദേശം 20 ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണവും നഷ്ടമായി എന്ന് കണ്ടെത്തിയത്. മാത്രമല്ല ഏകദേശം ഒന്നേമുക്കാല്‍ കോടി രൂപയുടെ ബാങ്ക് ഇടപാടും ബിജിഷ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതോടെ യുവതിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അഡിക്റ്റ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോവിഡ് കാലത്ത് ആദ്യം ചെറിയ രീതിയിലുള്ള ഗെയ്മുകളാണ് ബിജിഷ കളിച്ച് തുടങ്ങിയത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. തുടര്‍ച്ചയായി പണം നഷ്ടമായതോടെ വിവാഹത്തിനായി വീട്ടുകാര്‍ വാങ്ങി വച്ച സ്വര്‍ണം പണയം വച്ചു കളി തുടങ്ങി.
അതും പോരാതെ വന്നതോടെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്നും പണം കടം വാങ്ങി കളിച്ചു. തുടര്‍ച്ചയായി പണം നഷ്ടമായതോടെ ഈ പണവും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് വായ്പ നല്‍കിയവര്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.