കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസില്‍ സിനിമ നിര്‍മ്മാതാവ് കെ.പി. സിറാജുദ്ദീന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനും നിര്‍മ്മാതാവും ചേര്‍ന്ന് സ്വര്‍ണ്ണം കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മ്മാതാവാണ് സിറാജുദ്ദീന്.
തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിശോധനയ്ക്ക് ശേഷമാണ് കസ്റ്റംസ് സംഘം സിനിമ നിര്‍മ്മാതാവ് സിറാജുദ്ദീന്റെ വീട്ടിലെത്തിയത്. കസ്റ്റംസ് പ്രിവ്ന്റിവ് കമ്മീഷണര്‍ വി.വിവേകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇബ്രാഹിം കുട്ടിയുടെ മകന് ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണ്ണം കടത്തി എന്ന സംശയത്തിലാണ് കസ്റ്റംസ്.
അതേസമയം, മകന് നിരപരാധിയാണെന്ന് വ്യക്തമാക്കി ഇബ്രാഹിം കുട്ടി രംഗത്തു വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായില്‍ നിന്ന് നെടുമ്ബാശ്ശേരിയില്‍ എത്തിയ കാര്‍ഗോ വിമാനത്തിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്. ഇറച്ചിവെട്ട് യന്ത്രത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാല്‍ കിലോ വരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തിയത്. പാര്‍സല്‍ ഏറ്റുവാങ്ങാന്‍ എത്തിയ ആളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്.