കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുസ്ലീം ലീഗ് നേതാവിന്റെ മകനും സിനിമ നിര്‍മ്മാതാവും ഒളിവില്‍. ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിനും നിര്‍മ്മാതാവ് സിറാജുദ്ദീനുമാണ് ഒളിവില്‍ പോയത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനാണ് ഇബ്രാഹിംകുട്ടി. കേസില്‍ എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജും പ്രതിയാണ്.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സിറാജുദ്ദീന് രാജ്യം വിട്ടതായി കസ്റ്റംസ് അറിയിച്ചു. കീഴടങ്ങണമെന്ന് കാട്ടി കസ്റ്റംസ് ഇരുവര്‍ക്കും നോട്ടീസയച്ചു. ഷാബിന്റെ പാസ്പോര്‍ട്ട് കസ്റ്റംസ് കണ്ടു കെട്ടിയിട്ടുണ്ട്. ഇതിനാല്‍, ഷാബിന് രാജ്യം വിടാന്‍ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായിരുന്നു. പ്രതികള്‍ക്കായി ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഇവര്‍ സ്വര്‍ണ കടത്തുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. ഇവര്‍ മുമ്പും വലിയ യന്ത്രങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയതായി സംശയമുയരുന്നുണ്ട്. നിര്‍മ്മാതാവായ സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയിരുന്നു. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്. ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായി ഷാബിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാവിന്റെ മകനിലേക്ക് എത്തിയത്.