തിരുവനന്തപുരം: കോഴിയെ ജീവനോടെ തൂവല്‍ പറിച്ചെടുത്ത് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോക്ക് നേരെയാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. തിരുവനന്തപുരം പൊഴിയൂര്‍ ചെങ്കവിളയിലാണ് സംഭവം. ഇവിടുത്തെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനാണ് കോഴിയെ ജീവനോടെ തൂവല്‍ പറിച്ചെടുത്ത് കോഴിയെ കഷ്ണങ്ങളാക്കി മുറിക്കുന്നത്. വളരെ സന്തോഷവാനായി ചിരിയോടെയാണ് ഇയാള്‍ ഇത് ചെയ്യുന്നത്.
ഇയാളുടെ ക്രൂരത മറ്റോരാള്‍ വീഡിയോ പകര്ത്തുകായിരുന്നു. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായത്. ഈ മേഖലയിലെ മാന്യമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവര്‍ത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന് ചിക്കന്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നില്‍ ഇയാളെ എത്തിക്കണം. മാന്യമായി വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇത്തരം സംഭവങ്ങള്‍.
മാംസത്തിന് വേണ്ടിയുള്ള ഉല്പന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ, നിന്ദ്യമായ നിലയില്‍ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന കാഴ്ച കാണികളില്‍ അമ്പരപ്പും വെറുപ്പും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഇവര്‍ക്കെതിരെ സംഘടനപരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കും. ഇയാള്‍ക്കെതിരെ നിയമ പരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.