CLOSE

സ്വര്‍ണ്ണക്കടത്ത്: മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

Share

കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ എഎ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനാണ് അറസ്റ്റിലായത്. മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ ഇബ്രാഹിംകുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെ അറസ്റ്റ്. കേസിലെ പ്രധാന പ്രതിയും സിനിമാ നിര്‍മ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വര്‍ണ്ണം അയച്ചു കൊടുക്കുന്നതെന്നാണ് വിവരം.

സിറാജുദ്ദീന്‍ നിലവില്‍ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ടാംപ്രതിയായ ഷാബിന്‍ ആണ് സ്വര്‍ണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചത് എന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. കസ്റ്റംസ് സംഘം ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. വിശദമായ പരിശോധനയില്‍ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും, ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയും, ഷാബിന്റെ പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്പ് തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഷാബിന്‍ വലിയൊരു സ്വര്‍ണ്ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്.

നേരത്തേയും, ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തുന്നു എന്ന വിവരത്തെതുടര്‍ന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടര്‍ന്ന് സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Leave a Reply

Your email address will not be published.