തിരുവനന്തപുരം: ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും, ഭരണാനുമതി കിട്ടിയ പദ്ധതികള്‍ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഭരണാനുമതി ലഭിച്ചു 10 വര്‍ഷത്തിലധികം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ചില പ്രത്യേക ഏജന്‍സികള്‍ക്ക്, പദ്ധതി നടത്തിപ്പ് സ്ഥിരമായി ലഭിക്കുന്നതിനെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്, മന്ത്രി മുഹമ്മദ് റിയാസിന്റെ അടിയന്തിര ഇടപെടല്‍. നടക്കാത്ത പദ്ധതികള്‍ക്ക് വേണ്ടി ഏജന്‍സികള്‍ക്ക് മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചു പിടിക്കലടക്കം പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യമാണ്.
അപ്രായോഗികമായ നിരവധി പദ്ധതികള്‍ക്ക് ഭരണാനുമതി നേടിയെടുത്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന്, മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ 150 കറ്റാമാരന്‍ ബോട്ടുകള്‍ക്കായി 1.25കോടി മുടക്കിയുള്ള പദ്ധതിയും, കോവളത്തെ കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം ഫെസിലിറ്റി സെന്ററും, ചൊവ്വരയില്‍ 4.70 കോടി മുടക്കിയുള്ള സസ്പെന്‍ഷന്‍ പാലവും ഇഴയുന്ന പദ്ധതികളില്‍ ചിലതാണ്.