കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കാക്കൂര്‍ പോലീസാണ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
മാനസികവും ശാരീരികവുമായ ഉപദ്രവം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ക്കാണ് മെഹ്നാസിനെതിരെ കേസെടുത്തത്. മാനസികവും ശാരീരകവുമായ പീഡനം റിഫയുടെ മരണത്തിനു കാരണമായതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹിതരായത്. ജോലിക്ക് വേണ്ടി ദുബായില്‍ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.