തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്ക് എതിരെ വകുപ്പുതല നടപടി ആലോചിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നും ഒരു വിഭാഗം അധ്യാപകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.
ഉത്തരസൂചികയില്‍ കുഴപ്പമൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. തെറ്റിദ്ധാരണമൂലമാണ് അധ്യാപകര്‍ വിട്ടുനിന്നതെന്നും ഇനി അധ്യാപകര്‍ സഹകരിക്കുമെന്നും മന്ത്രി ആവര്‍ത്തിക്കുമ്പോഴും പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് തൈക്കാട്, ആറ്റിങ്ങല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ നിന്ന് അധ്യാപകര്‍ വിട്ടു നിന്നു. ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. നടപടിയുണ്ടാകുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിക്കളഞ്ഞാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇന്നും അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. കോഴിക്കോട്ടും അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.