തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ച കേസില്‍, വിജയ് ബാബുവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനാണ് ശ്രമം. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പീഡന പരാതിക്കു പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. കഴിഞ്ഞ 20 ന് ബെംഗളൂരു വഴിയാണ് ദുബായിലേക്ക് പോയത്. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മേയ് 16 ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നതിനുശേഷമേ വിജയ് ബാബു കീഴടങ്ങാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. സര്‍ക്കുലര്‍ നിലനില്‍ക്കുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തില്‍വച്ചുതന്നെ അറസ്റ്റിലാവും.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.