രാജപുരം: മലയോര ഹൈവേയിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായ കോളിച്ചാല്‍ ടൗണില്‍ പല സ്ഥലങ്ങളിലായി പാര്‍ക്ക് ചെയ്യ്ത് വരുന്ന ഓട്ടോ റിക്ഷകളെ ഒറ്റ സ്റ്റാന്‍ഡില്‍ ക്രമീകരിക്കുന്നതിന് പനത്തടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യക്കോസ് അംഗങ്ങളായ എന്‍.വിന്‍സന്റ് , കെ.കെ വേണുഗോപാല്‍, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍. ടി .ഒ , പോലീസ്. പി.ഡബ്ല്യു. ഡി അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ കോളിച്ചാല്‍ ടൗണില്‍ ബസ് വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിന് പി. ഡബ്ല്യു. ഡി അനുമതിക്കായി കത്ത് നല്‍കാനും തീരുമാനിച്ചു.