പോലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി എം വി ഗോവിന്ദന്. മനുഷ്യത്വ വിരുദ്ധമായി ചില പൊലീസുകാര്‍ ഇടപെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പോലീസ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.
ചില പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പോലീസിനെതിരായ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങള്‍ പോലീസില്‍ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളില്‍ പോലീസ് ഇടപെടലുണ്ടാകുന്നതെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു.