CLOSE

ഡിവൈഎഫ്ഐക്ക് പുതുനേതൃത്വം; വി വസീഫ് പ്രസിഡന്റ്; സനോജ് സെക്രട്ടറി

Share

പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അരുണ്‍ ബാബു ആണ് ട്രഷറര്‍.

എ എ റഹീം അഖിലേന്ത്യ പ്രസിഡന്റായതിനെ തുടര്‍ന്ന് ഡിസംബറിലാണ് സനോജ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമാണ് മുപ്പത്തിയേഴുകാരനായ സനോജ്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, വോളിബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ മാലൂര് നിട്ടാപറമ്പ് പത്മശ്രീയില്‍ എം കെ പത്മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്ന ജയരാജ് (റിപ്പോര്‍ട്ടര്‍, ദേശാഭിമാനി കണ്ണൂര്‍). മകന്‍: ഏതന്‍ സാന്‍ജെസ്.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അക്കൗണ്ട് ഓഫീസര്‍ ആയി വിരമിച്ച വളപ്പില്‍ വീരാന്‍ കുട്ടിയുടെയും വഹീദയുടേയും മകനാണ് വസീഫ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളേജില്‍ എം.ഡി ചെയ്യുന്ന ഡോ. അര്‍ഷിദ ആണ് ഭാര്യ. നിലവില്‍ എഫ് എം എച്ച് എസ് എസ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ആണ്. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് ആയും ചുമതല നിര്‍വഹിക്കുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയും ഇടംപിടിച്ചു. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ലയ മരിയ ജെയ്‌സണ്‍ ആണ് സംസ്ഥാന സമിതിയിലിടം നേടിയത്. പുതിയ പ്രസിഡന്റ് വസീഫ് കോഴിക്കോട് സ്വദേശിയാണ്.

25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയേയുമാണ് പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് എസ് സതീഷ്, ചിന്ത ജെറോം, കെ യു ജനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവായി.

Leave a Reply

Your email address will not be published.