CLOSE

പി.സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

Share

തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജോര്‍ജിന് ജാമ്യം നല്‍കിയിരിക്കുന്നത്. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശ കോശിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തിയത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് പിസിക്കെതിരെ കേസെടുത്തത്. അവധി ദിനമായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ജോര്‍ജിനെ ഹാജരാക്കിയത്.

എആര്‍ ക്യാമ്പില്‍ വച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published.