CLOSE

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല; ഡോക്ടര്‍മാര്‍ വീണ്ടും സമരം തുടങ്ങി

Share

തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെതിരെ കെജിഎംഒഎയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു. സ്ഥാനക്കയറ്റം, അലവന്‍സ്, ശമ്പള വര്‍ധനവ്, എന്‍ട്രി കേഡറിലെ ശമ്പളത്തില്‍ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിംഗ് എന്നിവ ബഹിഷ്‌കരിക്കും. നേരത്തെ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവച്ചിരുന്നു.

ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീര്‍ഘനാള്‍ നീണ്ട നിസ്സഹകരണ സമരവും, നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് 2022 ജനുവരി 15 ന് ആരോഗ്യ മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഉറപ്പുകള്‍ രേഖാമൂലം കെജിഎംഒഎക്ക് നല്‍കിയതാണ്.

”ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയില്‍ സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ചും, റൂറല്‍-ഡിഫിക്കള്‍ട്ട് റൂറല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടിയുണ്ടാകും. എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷന്‍ കിട്ടുന്നവര്‍ക്ക് പേഴ്‌സണല്‍ പേ വിഷയത്തില്‍ ഉണ്ടായ നഷ്ടവും ഉള്‍പ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങള്‍ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാല്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകും” സര്‍ക്കാര്‍ രേഖാമൂലം കെജിഎംഒഎക്ക് നല്‍കിയ ഉറപ്പാണിത്.

ഇതിനെ തുടര്‍ന്നാണ് കെജിഎംഒഎ നടത്തി വന്ന പ്രതിഷേധ പരിപാടികള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ തികച്ചും അപലപനീയമാം വിധം നാളിതുവരെയായും ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് കോവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ഇതിനെതിരെ പ്രതിഷേധം പുനരാരംഭിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published.