ഇടുക്കി: ദേവികുളം താലൂക്കിലെ വിവാദമായ രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി പുതിയ പട്ടയങ്ങള്‍ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. പട്ടയങ്ങള്‍ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്ച നടക്കും.
രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി നാല്‍പ്പത്തിയഞ്ചു ദിവസത്തിനകം പുതിയത് നല്‍കുമെന്ന് ജനുവരി 18നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും ഹിയറിംഗ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, കുഞ്ചിത്തണ്ണി, കെഡിഎച്ച്, വെള്ളത്തൂവല്‍ എന്നീ വില്ലേജുകളിലെ ഹിയറിംഗാണ് ഇതുവരെ നടത്തിയത്. നാലു ഹിയറിഗുകളിലായി 334 പേര് ഹാജരായി. ഇതില്‍ 311 പേരുടെയം ഭൂമി അവരുടെ തന്നെ കൈവശമാണ്. 184 പട്ടയങ്ങളുടെ ഹിയറിംഗ് പൂര്‍ത്തിയാക്കി. 39 എണ്ണം റദ്ദു ചെയ്തു. നടപടികള്‍ വേഗത്തിലാക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുള്‍പ്പടെ 45 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇതില്‍ 35 പേരെയും തിരിച്ചു വിളിച്ചതോടെ നടപടികള്‍ മന്ദഗതിയിലായി.
പട്ടയം റദ്ദാക്കുന്നതിനൊപ്പം പുതിയ അപേക്ഷയും നല്‍കുന്നുണ്ട്. ഇത് വില്ലേജ് ഓഫീസിലെത്തിയാല്‍ ഉടന്‍ തന്നെ സ്ഥല പരിശോധനയും സര്‍വേയും നടത്താന്‍ നിര്‍ദ്ദേശം നല്‍കും. ഇതിനു ശേഷം സമയ ബന്ധിതമായി ഭൂമി പതിവ് കമ്മറ്റികള്‍ ചേര്‍ന്ന് അംഗീകാരം നല്‍കാനും തീരുമാനമായിട്ടുണ്ട്.