തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യ വര്‍ഷം.ബസിലെ യാത്രക്കാരുടെ പരാതിയില്‍ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. എണാകുളത്ത് നിന്നും തിരുവന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ കല്ലമ്ബലത്ത് നിന്നുമാണ് യുവതികളും യുവാവും കയറിയത്. ബസില്‍ കയറിയയുടന്‍ തന്നെ സീറ്റില്ലെന്ന് ആരോപിച്ച് ഇവര്‍ ബഹളം വെക്കാന്‍ തുടങ്ങി. ഇത് തുടര്‍ന്നതോടെ സീറ്റിലിരുന്ന ചില യാത്രക്കാര്‍ മാറിക്കൊടുത്തെങ്കിലും അതില്‍ ഇരിക്കാന്‍ തയാറാകാതെ സംഘം ബഹളം തുടരുകയായിരുന്നു.
ബഹളം കൂടിയതോടെ യാത്രക്കാരില്‍ ചിലര്‍ ഇടപെടുകയും തുടര്‍ന്ന് ഇവരുമായി സംഘം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ ബസ് ആറ്റിങ്ങല്‍ സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ ശേഷവും ബഹളം തുടര്‍ന്ന സംഘം പോലീസുകാരോട് ആക്രോശിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. സംഘം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയെന്ന് പോലീസ് വ്യക്തമാക്കി.