ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളും സാമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
ഇപ്പോളിതാ, ഈ വിഷയത്തില്‍ പ്രതികരണവുമായി രം?ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ തന്റെ നിലപാട് അറിയിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് കൂട്ട് നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് സനല്‍ കുമാര്‍ ആരോപിക്കുന്നത്. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ലെന്നു കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യം കാട്ടണമെന്നും അദ്ദേഹം കുറിച്ചു.
സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘മലയാള സിനിമാവ്യവസായത്തില്‍ ഒരു സെക്സ് റാക്കറ്റ് ഉണ്ട് എന്ന ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയും എന്തുതന്നെ വന്നാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയും ചേര്‍ത്ത് വായിക്കേണ്ടതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് കൂട്ട് നില്‍ക്കുന്നു എന്നതിന് ഉത്തരം കിട്ടും. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ല കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യം കാട്ടണം. കപ്പല്‍ ഉലയും. സ്ത്രീ സൗഹൃദ മുഖം മൂടികള്‍ അഴിയും’.