CLOSE

ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

Share

നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ പുതുതായി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ തൊഴില്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. മൗലികമായി മനുഷ്യന് ആവശ്യമുള്ളതെല്ലാം നിര്‍വഹിക്കുന്നതില്‍ രാജ്യത്തിനു മാതൃകയാകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും തൊഴില്ലായ്മകൂടി പരിഹരിക്കപ്പെടുന്നതോടെ ലോകത്തെ വികസിത നാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന നിലയിലേക്കു സംസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതലത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തു ലക്ഷക്കണക്കിനു പേര്‍ എംപ്ലോയ്‌മെന്റ് എസ്‌ക്‌ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തു ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായാണ് അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു വര്‍ഷം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സുസ്ഥിരമായ തൊഴില്‍ സാഹചര്യമാകണം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ സംരംഭങ്ങള്‍ സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയാറായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1000 ജനസംഖ്യയ്ക്ക് അഞ്ച് എന്ന രീതിയില്‍ പുതിയ തൊഴില്‍ദാതാവായി പ്രവര്‍ത്തിക്കണം. ഇവയെല്ലാം പ്രാവര്‍ത്തികമാകുന്നതോടെ സംസ്ഥാനത്തെ തൊഴില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കപ്പെടും.
ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന പദ്ധതി രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടാണെന്നു മന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും ആവശ്യകത മനസിലാക്കി സുസ്ഥിരമായ രീതിയിലുള്ള സംരംഭകത്വ വികസനമാണ് ഇതുവഴി യാഥാര്‍ഥ്യമാക്കേണ്ടത്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ട സ്ഥിതി മുന്‍പുണ്ടായിരുന്നു. നിരാശപ്പെട്ട് സംരംഭം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. സംരംഭകര്‍ക്ക് ആവശ്യമായതെന്താണോ അത് അങ്ങോട്ട് എത്തിക്കാനാകണമെന്നതാണു സര്‍ക്കാരിന്റെ നയം. ഇതിനായി പഞ്ചായത്തുകള്‍തോറും ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. സംരംഭം ആരംഭിക്കുന്നതുമുതല്‍ ലോണ്‍, സബ്‌സിഡി തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇവര്‍ സംരംഭകനെ സഹായിക്കും. സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ സംരംഭകര്‍ക്കു പൂര്‍ണ പിന്തുണ നല്‍കും. സംരംഭകര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍തോറും കയറിയിറങ്ങേണ്ട സ്ഥിതി ഇനി ഉണ്ടാകില്ല.
തൊഴിലിനായി ആളുകള്‍ സര്‍ക്കാരിലേക്കും മറ്റു മേഖലകളിലേക്കുമൊക്കെ അന്വേഷിച്ചു നടക്കുന്ന കാലവും അവസാനിക്കാന്‍പോകുകയാണെന്നു മന്ത്രി പറഞ്ഞു. തൊഴില്‍ അന്വേഷകരെ അന്വേഷിച്ച് അവരുടെ വീടുകളിലേക്കു പോകുന്ന പുതിയ പദ്ധതി മേയ് എട്ടിന് ആരംഭിക്കും. കുടുംബശ്രീയുടെ ഓക്‌സിലയറി ഗ്രൂപ്പ് അംഗങ്ങള്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കയറി 18 മുതല്‍ 59 വയസ് വരെയുള്ളവരുടെ വിവര ശേഖരണം നടത്തും. ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുന്ന പദ്ധതിയില്‍ ഇങ്ങനെയുള്ള നിരവധി ആളുകള്‍ക്കു തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തുടങ്ങാന്‍ കഴിയുന്ന പുതിയ സംരംഭങ്ങളുടെ സാധ്യതകള്‍ രൂപപ്പെടുത്താന്‍ അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിയണമെന്നു ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത്തലത്തില്‍ വിപുലമായ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംരംഭം തുടങ്ങാനെത്തുന്നവര്‍ക്കു പൂര്‍ണ സഹായം നല്‍കാന്‍ ഓരോ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. സഹായം നല്‍കുക എന്നതിനപ്പുറത്തക്ക് സംരംഭകരെ തേടി ഇറങ്ങുകയാണ് ഇവര്‍. ഇതിന്റെ ഭാഗമായി ഈ മാസം എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലും സംരംഭകരുടെ സംഗമം സംഘടിപ്പിക്കും. ഇതുവഴി സംരംഭകര്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ചു പൊതുബോധം സൃഷ്ടിക്കാനാകും. ജൂണില്‍ ലൈസന്‍സ്, ലോണ്‍ മേളകള്‍ സംഘടിപ്പിക്കും. നാലു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനാണു സര്‍ക്കാര്‍ ശ്രമം. സംരംഭക വര്‍ഷം പദ്ധതിക്കായി 120 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സംരംഭകരുടെ ഉത്പന്നങ്ങള്‍ക്കു ‘മെയ്ഡ് ഇന്‍ കേരള’ ബ്രാന്‍ഡ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ വകുപ്പുമായി സഹകരിച്ച് പ്രധാന കേന്ദ്രങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ സ്ഥാപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
പള്ളിച്ചല്‍ രമ്യ കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പിന്‍ രാധാകൃഷ്ണന്‍, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ. മനോജ്, വാര്‍ഡ് മെമ്പര്‍ എസ്.ആര്‍. അനുശ്രീ, വ്യവസായ – വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, അഡിഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.