CLOSE

സൈബര്‍ സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

Share

അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി മൂന്നു ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം രണ്ടു ലക്ഷം അമ്മാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദേശിച്ചിരുന്നത്. പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. ഇതിനോടുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പത്തുലക്ഷം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് എച്ച് .എസില്‍ നടന്നു.
മൂന്നു മണിക്കൂറില്‍ അഞ്ചു സെഷനുകളില്‍ 30 പേരുള്ള വിവിധ ബാച്ചുകളായി മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴിയാണ് പരിശീലനം. ഒരു വിദ്യാലയത്തില്‍ കുറഞ്ഞത് 150 അമ്മമാര്‍ക്കാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. പുതിയ ലോകത്തെ അറിയല്‍, സൈബര്‍ ആക്രമണം പ്രതിരോധിക്കല്‍, സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്തകള്‍ തിരിച്ചറിയലും വസ്തുതകള്‍ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകള്‍ പ്രധാനമായും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് കൈകാര്യം ചെയ്യുന്നത്.
അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 14 ജില്ലകളിലേയും പരിശീലന കേന്ദ്രങ്ങളിലായി തത്സമയം വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.