CLOSE

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കും; നിയമലംഘര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല: മന്ത്രി ജി.ആര്‍. അനില്‍

Share

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തല്‍ ശോചനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടപ്പിക്കല്‍ എന്നിവയില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ലീഗല്‍ മെട്രോളജി വകുപ്പിനായി കെഎസ്എഫ്ഡിസി നിര്‍മ്മിച്ച പരസ്യ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനവും വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് അനായാസം എത്തിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ലീഗല്‍ മെട്രോളജി വകുപ്പില്‍ വലിയ പരിഷ്‌കാരങ്ങളാണ് നടക്കുന്നത്. പായ്ക്കറ്റ് ഉത്പന്നങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, ഇന്ധന പമ്പുകള്‍, സ്വര്‍ണ്ണക്കടകള്‍ തുടങ്ങി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന കബളിപ്പിക്കലുകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഡിസിയുടെ സഹായത്തോടെ പരസ്യ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിനെ കടലാസ് രഹിത ഓഫീസാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ 101 ഓഫീസുകളിലും ഇതിനോടകം ഇ- സേവനങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. സമാനമായ രീതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിയമങ്ങളെ മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരക്കാരെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി വര്‍ഗീസ് പണിക്കര്‍, അഡീഷണല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *