തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ മേഖലയിലുമായി 10543 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതകളിലൂടെ ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ മേഖലയിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഉപജീവന പദ്ധതികളിലൂടെ 5000 പേര്‍ക്ക് സ്വയംതൊഴില്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ഇതു പ്രകാരം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം വഴി (592), സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിലൂടെ(110), സൂക്ഷ്മസംരംഭങ്ങള്‍(5622), മൃഗസംരക്ഷണം(592), കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണ സംരംഭങ്ങള്‍(261) എന്നീ പദ്ധതികളിലൂടെ ആകെ 7865 പേര്‍ക്ക് വിവിധ മേഖലകളില്‍ സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിന് സാധിച്ചു.
പ്രവാസി ഭദ്രത പേള്‍ പദ്ധതി വഴി 2824 പ്രവാസികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി പലിശരഹിത വായ്പ ലഭ്യമാക്കി. ഒരാള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കിയത്. 1000 പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി തുടക്കമിട്ട പദ്ധതി വഴി നിലവില്‍ 1719 സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ യുവകേരളം, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) പദ്ധതികളിലൂടെ 2678 യുവതീ യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്കി വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനും സാധിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയും ഉടന്‍ നടപ്പാക്കും. കെഡിസ്കുമായി ചേര്‍ന്നു കൊണ്ട് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കാര്യങ്ങളും പുരോഗമിക്കുകയാണ്. ഇപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. യുവകേരളം പദ്ധതിയുടെയും മറ്റ് ഉപജീവന പദ്ധതികളുടെയും ഭാഗമായി തൊഴില്‍ ലഭ്യമായവര്‍ക്കും പ്രവാസി ഭദ്രതാ-പേള്‍ മുഖേന സംരംഭം തുടങ്ങിയവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും ശില്പവും അദ്ദേഹം വിതരണം ചെയ്തു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബി.വി ശ്രീലത നന്ദി പറഞ്ഞു.