കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പത്ത് വര്‍ഷത്തെ കാലപ്പഴക്കമെന്ന് നിഗമനം. സംഭവത്തില്‍ കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
തൊണ്ടയാട് ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിയുണ്ടകളുടെ ഉറവിടം തിരിച്ചറിയാന്‍ റൈഫിള്‍ ക്ലബ്ബുകളില്‍ നിന്നുള്ള വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. കേരള അതിര്‍ത്തി കടന്നുള്ള അന്വേഷണത്തിനും പോലീസ് തയാറെടുക്കുകയാണ്.
വെടിയുണ്ടകള്‍ ജര്‍മ്മനി, ഇംഗ്ലണ്ട്, പൂനെ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണെന്നാണ് ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമാകുന്നത്. വെടിയുണ്ടകള്‍ ആര്‍ക്ക് എപ്പോള്‍ കൈമാറിയതാണെന്ന വിവരമാണ് ഇനി ലഭിക്കേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടും സമീപ ജില്ലകളിലുമുള്ള റൈഫിള്‍ ക്ലബ്ബുകള്‍, ആയുധ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് ജില്ല ക്രൈംബ്രാഞ്ച് വിവര ശേഖരണം ആരംഭിച്ചിരുന്നു.