നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) 25-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിഷിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്യൂണിക്കേഷന്‍ സയന്‍സസ്, ബാരിയര്‍ ഫ്രീ എന്‍വയോണ്‍മെന്റ്, സെന്‍സറി പാര്‍ക്ക്, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെല്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന്(മെയ് 17) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. രാവിലെ 11.30ന് ആക്കുളത്തെ നിഷ് ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും.
ഭിന്നശേഷിക്കാര്‍ക്ക് ഒരുപോലെ ഉപയോഗപ്രദമായ ആക്സസിബിള്‍ ബുക്കിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ആശയവിനിമയ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന കഥാപുസ്തകങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്. ഐഇഎസ് നേടിയ നിഷ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ലക്ഷ്മി, പാര്‍വ്വതി എന്നിവരെ ചടങ്ങില്‍ ആദരിക്കും. ശശി തരൂര്‍ എംപി, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എം അഞ്ജന എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം വികസിപ്പിക്കാന്‍ ഏറ്റവും നൂതനമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങള്‍ക്കുമാണ് നിഷ് നേതൃത്വം നല്‍കുന്നത്.ഇതിന്റെ ഭാഗമായാണ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്) സംവിധാനം നിഷ് നടപ്പിലാക്കുന്നത്. ആശയവിനിമയ തകരാറുകള്‍ നേരിടുന്ന വ്യക്തികളെ സമൂഹത്തില്‍ സജീവമായി ഇടപെടാന്‍ പ്രാപ്തരാക്കുന്നതിനായുള്ള ഗവേഷണങ്ങള്‍, ചികിത്സ രീതികളുടെ വികസനം തുടങ്ങിയവ വിവിധ റിസര്‍ച്ച് ലാബുകളുള്‍പ്പെടെ തയാറാകുന്ന സിആര്‍സിഎസ് സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പ്പാണെന്നു സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഭിന്നശേഷിക്കാര്‍ക്കു ലൈബ്രറി വിഭവ, വിവര സഞ്ചയം പ്രാപ്യമാക്കുന്ന പദ്ധതിയാണ് ബാരിയര്‍ ഫ്രീ എന്‍വയോണ്‍മെന്റ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി ധനസഹായത്തോടുകൂടിയുള്ള പദ്ധതിയിലൂടെ ഏവര്‍ക്കും തടസങ്ങളില്ലാതെ വിജ്ഞാനം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഇന്ദ്രിയാധിഷ്ഠിതമായ പഠന രീതികള്‍ ഉള്‍പ്പെടുത്തിയ സംവിധാനമാണ് നിഷ് അവതരിപ്പിക്കുന്ന സെന്‍സറി പാര്‍ക്ക്. രണ്ടു മുതല്‍ 12 വയസുവരെ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ ആക്സസിബിള്‍ പാര്‍ക്കുകളുടെ രൂപകല്‍പ്പന. സംസ്ഥാനത്ത് ഭിന്നശേഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ഉപദേശക തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സെല്‍ രൂപീകരിക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവര്‍ അടങ്ങിയ ഈ സെല്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.