CLOSE

ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

Share

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച് അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാര്‍ഥികളുടെ പഠന മികവും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ രാജ്യത്തനകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഇവിടെത്തന്നെ മികവു തെളിയിക്കാനുള്ള സാഹചര്യമൊരുക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനു കഴിയുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കുക, എന്റോള്‍മെന്റ് റേഷ്യോ വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാര്‍ഷിക, വ്യാവസായിക ഉത്പാദന മേഖലകളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ ബന്ധിപ്പിക്കുക തുടങ്ങിയ സമഗ്ര മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതിനുള്ള നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകള്‍, പുതുതലമുറ ലാബ് സൗകര്യം, പുതിയ ക്ലാസ് മുറികള്‍, ആധുനിക ലൈബ്രറി കെട്ടിടങ്ങള്‍ തുടങ്ങി വലിയ മാറ്റങ്ങള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നടപ്പാക്കിവരികയാണ്. ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം സിലബസ് പരിഷ്‌കാരവും ബോധന സമ്പ്രദായത്തിലെ മാറ്റവും സംയോജിപ്പിച്ചുള്ള വലിയ മുന്നേറ്റമുണ്ടാകണം. വിദ്യാഭ്യാസ ഘടന, ഉള്ളടക്കം, സര്‍വകലാശാല നിയമങ്ങള്‍, പരീക്ഷാ സംവിധാനം തുടങ്ങിയവയെല്ലാം പരിഷ്‌കരിക്കുന്നതിനുള്ള കമ്മിഷനുകള്‍ രൂപീകരിച്ചു. ലഭിച്ച ഇടക്കാല റിപ്പോര്‍ട്ടുകളനുസരിച്ചുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടന്നിട്ടുണ്ട്.
വിജ്ഞാനം വെള്ളംകടക്കാത്ത അറയായി കണക്കാക്കേണ്ട ഒന്നല്ലെന്നും സമൂഹത്തിനു പ്രയോജനപ്പെടുമ്പോഴാണു യഥാര്‍ഥ വിജ്ഞാനമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിജ്ഞാനത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുയെന്നതാണു സര്‍ക്കാരിന്റെ നയം. പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാര്‍ വലിയ ഇടപെടലാണു നടത്തിയത്. ഈ രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയേയും മാറ്റും. ലോകോത്തര നിലവാരത്തിലേക്കു കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയര്‍ത്തും. ഗവേഷകര്‍, വിദഗ്ധര്‍ തുടങ്ങിയവരെ കൂടുതലായി ആകര്‍ഷിക്കും. ഇതുവഴി നാടിനെ വിജ്ഞാന സമൂഹമായി മാറ്റി നൂതനത്വ സമൂഹമായി പരിവര്‍ത്തിപ്പിക്കും.
നാടിന്റെ സമഗ്ര പുരോഗതിക്കു സഹായം നല്‍കത്തക്കവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റണമെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനു പിന്തുണ നല്‍കാന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്കു കഴിയും. സാമൂഹിക, സാമ്പത്തിക, കാര്‍ഷിക, വ്യാവസായിക മേഖലകളിലെ നൂതന ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ ഫെലോഷിപ്പുകളുടെ പ്രധാന ലക്ഷ്യം. വിവിധ മേഖലകളില്‍ ഗവേഷണം നടത്തുന്ന പ്രതിഭകളായ 77 പേരാണ് ഇത്തവണ ഫെലോഷിപ്പിന് അര്‍ഹരായത്. ആദ്യ വര്‍ഷം അമ്പതിനായിരം രൂപയും രണ്ടാം വര്‍ഷം ഒരു ലക്ഷം രൂപയുമാണു ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോഷിപ്പ് ജേതാക്കള്‍ക്കു നല്‍കുന്നത്. രാജ്യത്തുതന്നെ ഇത്ര വലിയ തുകയും അംഗീകാരവും നല്‍കുന്ന ഫെലോഷിപ്പുകള്‍ വിരളമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സര്‍വകലാശാലകളും ഉത്പാദിപ്പിക്കുന്ന അറിവിനെ സംസ്ഥാനത്തിന്റെ പൊതുജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും സഹായിക്കുംവിധം ഉപയോഗിക്കണമെന്ന ദിശാബോധത്തോടെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇതു മുന്‍നിര്‍ത്തിയാണു പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. അഞ്ചു വര്‍ഷംകൊണ്ട് 500 പേര്‍ക്ക് ഈ ഫെലോഷിപ് നല്‍കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനിലെ നാഷണല്‍ റിസേര്‍ച്ച് പ്രൊഫസര്‍ ഡോ. എം.എസ്. വല്യത്താന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.