ഗുണ്ടൂര്‍ :പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും കൊലപാതകം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തെനാലി ആര്.ആര് നഗറില്‍ തടിബോയ്ന സന്ദീപാണ് (23) കൊല്ലപ്പെട്ടത്.
നഗരത്തില്‍ വാര്‍ഡ് വളണ്ടിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട സന്ദീപ്. സുഹൃത്ത് ജശ്വന്ത് മുഖേന ഒരാഴ്ച മുന്‍പ് രോഹിത് എന്നയാള്‍ക്ക് 2000 രൂപ കടം നല്‍കിയിരുന്നു. പ്രതിദിനം 200 രൂപ തിരികെ നല്‍കാമെന്ന ധാരണയിലായിരുന്നു പണം കടം നല്‍കിയത്. രോഹിത് അഞ്ച് ദിവസം തുടര്‍ച്ചയായി പണം നല്കി.
ആറാം ദിവസം പണം ജശ്വന്തിനെ ഏല്‍പ്പിച്ച് സന്ദീപിന് നല്കാന് പറഞ്ഞു. പക്ഷേ, ജശ്വന്ത് ഈ പണം നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 ന് സന്ദീപ് രോഹിത്തിന്റെ വീട്ടിലെത്തി. പണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജശ്വന്തിന് നല്‍കിയതായി രോഹിത് പറഞ്ഞു. എന്നാല്‍, തനിക്ക് പണം ലഭിച്ചില്ലെന്ന് പറഞ്ഞ സന്ദീപ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. സന്ദീപിനെ രോഹിത് ആഞ്ഞുതള്ളി. ഇതില്‍, സന്ദീപ് പെട്ടെന്ന് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.സംഭവത്തില്‍ രോഹിത്തിനും ഇയാളുടെ പിതാവ് വെങ്കിടേശ്വരിനുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.