കൊല്ലം; കേരളം ചര്‍ച്ച ചെയ്ത വിസ്മയ കേസില്‍ ഇന്ന് വിധി. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐയും ആയിരുന്ന കിരണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തെന്നാണ് പ്രോസിക്യൂഷന് ആരോപണം. 2020 മേയ് 30-നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന് തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.