CLOSE

കൊല്ലത്ത് യുവാവിനെ ബന്ധു വെട്ടിക്കൊന്നു; കൈ വെട്ടിമാറ്റി

Share

കൊല്ലം: ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. മരുതമണ്‍പള്ളി അമ്പാടിയില്‍ തിലജനാണ്(44) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് കൊലപാതകം നടന്നത്. തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിള വീട്ടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.

പൂര്‍വവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന തിലജനെ പ്രതി ആക്രമിച്ച് കൈ വെട്ടിമാറ്റി. തിലജന്‍ റോഡിനു മറുവശത്തുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ഓടിക്കയറി. പിന്നാലെവന്ന സേതു കടയ്ക്കുള്ളില്‍വച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസെത്തി തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറുമാസംമുമ്പ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനു പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.