CLOSE

നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Share

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതിചേര്‍ത്തത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും.

കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയാക്കിയാണ് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിസി 201 ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയ്ക്ക് കൈമാറും. തുടരന്വേഷണത്തില്‍ ശരത്തിനെ മാത്രം പുതിയ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും.

നടിയെ ആക്രമിച്ച കേസിലെ അന്തിമ കുറ്റപത്രത്തില്‍ ഇതോടെ പത്ത് പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് തയ്യാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കുന്നത്. ശരത് ഉള്‍പ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയായിരുന്നു. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കുകയും ചെയ്തതോടെയാണ് പ്രതിപ്പട്ടിക പത്തായി മാറുന്നത്.

Leave a Reply

Your email address will not be published.