CLOSE

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് 99.95 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു

Share

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 2022-23 സാമ്പത്തികവര്‍ഷം 99.95 കോടി രൂപ ചെലവഴിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ഭരണാനുമതി നല്‍കിയതായി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.
വിഭിന്ന വിഷയങ്ങളിലുള്ള അക്കാദമിക് ജേണലുകളും ഡാറ്റാ ബേസുകളും അക്കാദമിക സമൂഹത്തിന് ചുരുങ്ങിയ ചെലവില്‍ പൊതുവില്‍ ലഭ്യമാക്കുന്ന സംസ്ഥാനതല ഇ-ജേണല്‍ കണ്‍സോര്‍ഷ്യത്തിന് 20 കോടി രൂപ ചെലവഴിക്കും. ഇ-ജേണലുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ യുജിസി നിര്‍ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് കണ്‍സോര്‍ഷ്യം. യുജിസി തീരുമാനം വന്നതോടെ, കലാലയങ്ങള്‍ക്ക് ഇ-ജേണല്‍/ഡാറ്റാബേസ് സൗകര്യം ഉറപ്പാക്കാന്‍ സര്‍വ്വകലാശാലകള്‍ കോടികള്‍ മുടക്കേണ്ടിവരുമെന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
ഉന്നതവിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ വിടവ് മറികടക്കാനും, എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം കൂടുതല്‍ ഫലപ്രദമാക്കാനുള്ള ഡിജികോള്‍ പദ്ധതിക്ക് 20 കോടി രൂപ വിനിയോഗിക്കും. എല്ലാ കലാലയങ്ങളിലും ‘മൂഡ്ല്‍’ ഓപ്പണ്‍ സോഴ്‌സ് ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും അതിനുള്ള സെര്‍വര്‍ സൗകര്യവും ലഭ്യമാക്കി അദ്ധ്യയനത്തിന് ഡിജിറ്റല്‍ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്. വിദ്യാര്‍ത്ഥികളെ സ്വയംപഠനത്തിനു കൂടി കൂടുതല്‍ പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് സഹകരിച്ചുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം (Teaching), പഠനം (Learning), വിലയിരുത്തല്‍ (Assessment), പരീക്ഷ (Examination) എന്നിവ പൊതുവായ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കൊണ്ടുവരുന്ന ‘ഡിജിറ്റല്‍ എനേബിള്‍മെന്റ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍’ പദ്ധതിയുടെ പ്രാരംഭമാണ് ഡിജികോള്‍.
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങള്‍ക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വര്‍ഷം പ്രതിമാസം ഒരുലക്ഷം രൂപ) വീതം നല്‍കുന്ന ‘ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍’ക്കായി 15 കോടി രൂപ നീക്കിവെച്ചു. വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ 500 ഗവേഷകപ്രതിഭകള്‍ക്ക് മുഴുസമയ ഗവേഷണത്തിനായി രണ്ടുവര്‍ഷത്തേക്ക് നല്‍കുന്നതാണ് ഫെലോഷിപ്പ്. സാമൂഹ്യ, സാമ്പത്തിക, കാര്‍ഷിക, വ്യവസായിക മേഖലകളിലെ വിവിധ, നൂതനങ്ങളായ, സംസ്ഥാനത്തിന്റെ റീബില്‍ഡ് കേരള പദ്ധതിയുമായി സംയോജിപ്പിച്ചുള്ള വികസനപുരോഗതിക്ക് ആക്കം കൂട്ടുന്ന, ഗവേഷണ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയത്.
വിവിധ സര്‍വ്വകലാശാലകളിലെയും ലൈബ്രറികളിലെയും അക്കാദമിക് റിസോഴ്സുകളുടെ പങ്കിടല്‍ പ്ലാറ്റ്ഫോമായ കേരള അക്കാദമിക് ലൈബ്രറി നെറ്റ്വര്‍ക്കിന് (KALNET) 10 കോടി രൂപ വിനിയോഗിക്കും. 11 സര്‍വ്വകലാശാലകളുടെയും 147 ലൈബ്രറികളുടെയും അക്കാദമിക് ശേഖരം ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. അഫിലിയേറ്റഡ് കോളേജുകളുടെ ലൈബ്രറികളെയും ഈ ഡിജിറ്റല്‍ ശൃംഖലയില്‍ കൊണ്ടുവരുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക.
തൊട്ടടുത്ത കോളേജുകള്‍ തമ്മില്‍ ആള്‍ശേഷിയും വിഭവശേഷിയും പശ്ചാത്തല സൗകര്യവും പരസ്പരം പങ്കിടുന്ന ക്ലസ്റ്റര്‍ കോളേജ് പദ്ധതിയില്‍ ആരംഭിക്കുന്ന മൂന്ന് പുതിയ ക്ലസ്റ്ററുകള്‍ക്കായി 10 കോടി രൂപ നീക്കിവച്ചു. കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് ക്ലസ്റ്ററുകള്‍ക്കായാണിത്. പൊതു ഗവേഷണ ലബോറട്ടറികള്‍, ആഡ്-ഓണ്‍ കോഴ്സുകള്‍, പൊതു പ്രസാധനം എന്നിവ തൊട്ട് യോജിച്ചുള്ള അന്താരാഷ്ട്ര സെമിനാറുകള്‍, ശില്പശാലകള്‍, സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ വരെ ഉള്‍പ്പെട്ട പദ്ധതികള്‍ക്കാണ് തുക ചെലവിടുക. നിലവിലെ സൗകര്യങ്ങള്‍ പരമാവധി ഉപയുക്തമാക്കി പൊതുവായ അക്കാദമിക ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായ മലയാളികളെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കൂടി സഹകരിപ്പിക്കുന്ന ബ്രെയിന്‍ ഗെയിന്‍ പദ്ധതിക്ക് 5 കോടി രൂപ വിനിയോഗിക്കും. അക്കാദമിക്സ്, ഐടി, മാനേജ്മെന്റ്, മെഡിക്കല്‍, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെയെല്ലാം മികച്ച മസ്തിഷ്‌കങ്ങളെ കേരളത്തിനും പ്രയോജനപ്പെടുത്തുന്ന പദ്ധതി കൂടുതല്‍ വിപുലമാക്കാനാണ് തുക ചെലവിടുക. ഹ്രസ്വകാല അധ്യാപനം, പാര്‍ട്ട് ടൈം സഹകരണം, ഗവേഷണങ്ങളില്‍ ഉപ മേല്‍നോട്ടം എന്നിവയിലാണ് ഈ പദ്ധതിയില്‍ വിദേശത്തുള്ള പ്രതിഭകളുടെ പങ്കാളിത്തം തേടുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറിലേറെ കേരളീയരെ ഇതിനകം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ഇതിനായുള്ള വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നൊബേല്‍ ജേതാക്കളുമായുള്ള ജ്ഞാനവിനിമയം (Knowledge Exchange with Nobel Laureates) പദ്ധതിക്ക് 5 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
കരിക്കുലം പരിഷ്‌ക്കരണത്തിനുള്ള അധ്യാപകപരിശീലനത്തിന് 5 കോടി രൂപയും പുതിയ അധ്യാപകര്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗിന് ഒരു കോടി രൂപയും നൂതന മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരു കോടി രൂപയും ഹ്രസ്വകാല ഫാക്കല്‍റ്റി പരിശീലനത്തിന് ഒരു കോടി രൂപയും ചെലവിടും. കോഴ്സ് സാമഗ്രികളുടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ റെപൊസിറ്ററി ശക്തമാക്കാന്‍ ഒരു കോടി രൂപ ചെലവഴിക്കും.
വിവിധ ജ്ഞാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പ്രതിഭകള്‍ക്ക് നല്‍കി വരുന്ന കൈരളി ഗവേഷക പുരസ്‌കാരത്തിനായി 1.8 കോടി രൂപ, ദേശീയ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) മാതൃകയില്‍ സംസ്ഥാനം തുടക്കമിട്ട കെഐആര്‍ഫിന് ഒരു കൂടി രൂപ, നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAAC) മാതൃകയില്‍ നാം ആരംഭിച്ച സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (SAAC) പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ എന്നിങ്ങനെയും പണം ചെലവഴിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് അനുമതി നല്‍കി. ഉന്നത വിദ്യാഭ്യാസ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ 20 ലക്ഷം രൂപ ചെലവഴിക്കുമെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *