തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ലോക ക്ഷീരദിനം ആഘോഷിച്ചു. യൂണിയന് ആസ്ഥാനമായ പട്ടത്തെ ക്ഷീരഭവനില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന് പതാക ഉയര്‍ത്തി. പാല് ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ മുന്‍പന്തിയില്‍ എത്തിച്ചതില്‍ ക്ഷീര കര്‍ഷകരുടെ പങ്ക് വലുതാണെന്നും അവരുടെ മഹത്തായ സേവനത്തെ വിലമതിക്കണമെന്നും എന്‍.ഭാസുരാംഗന് പറഞ്ഞു.
പാല് ഉല്‍പ്പാദനത്തില്‍ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കുവാനും ഇന്ത്യയിലെ ഏറ്റവും കൂടൂതല്‍ പ്രതിശീര്‍ഷ പാല് ഉല്‍പ്പാദക സംസ്ഥാനം എന്ന ബഹുമതി നേടിക്കൊടുക്കുന്നതിലും മില്‍മയ്ക്ക് നിര്‍ണായക പങ്കാണുളളതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട പറഞ്ഞു. മേഖലാ യൂണിയന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് കൂടൂതല്‍ വരുമാനം നേടിക്കൊടുക്കുന്നതിനുമായി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്ഷീര കര്‍ഷകരില്‍നിന്ന് പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങള്‍ വഴി പാല് സംഭരിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആധുനിക സംവിധാനങ്ങളുളള ഡെയറിയില്‍ സംസ്ക്കരിച്ച് വിറ്റാമിന്‍ എ, ഡി എന്നിവ ചേര്‍ത്ത് സമ്പുഷ്ടമാക്കി അളവില്‍ കുറവ് വരുത്താതെ (500 എം.എല്‍) പാക്കറ്റുകളാക്കിയാണ് ആയിരക്കണക്കിനുളള ഏജന്‍സികള്‍ വഴി മില്‍മ വിതരണം ചെയ്യുന്നത്. പാലും മുല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 85% ക്ഷീര കര്‍ഷകര്‍ക്ക് തിരികെ നല്‍കുകയാണ് മില്‍മ ചെയ്യുന്നത്.