തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച അച്ഛന് അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റിനെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ഇടതു കാലില്‍ സാരമായി പരിക്കേറ്റ പെണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടി.
മദ്യപാനത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണു പോലീസില്‍നിന്നുള്ള വിവരം. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അമ്മൂമ്മ നല്കിയ പരാതി പ്രകാരമാണു പ്രതിയെ പിടികൂടിയത്.
സാധാരണ രീതിയില്‍ കുഞ്ഞിനെ അമ്മൂമ്മ താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. നാലു ദിവസമായി കുഞ്ഞിനെ കാണാതിരുന്ന അമ്മൂമ്മ, കുഞ്ഞ് താമസിക്കുന്ന വീട്ടിലെത്തി.
കാലിലെ പൊള്ളല്‍ ശ്രദ്ധയില്‍പെട്ടതോടെ മൂത്ത കുട്ടി പൊള്ളിച്ചതാണെന്ന മറുപടിയാണു ലഭിച്ചത്.
ഇക്കാര്യം വിശ്വസിക്കാതിരുന്ന അമ്മൂമ്മ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് മൂത്ത കുട്ടിയെ അടക്കം ചോദ്യം ചെയ്തതോടെയാണു സത്യം പുറത്തുവന്നത്.
കുറച്ചു നാള് മുമ്പു കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേറ്റിരുന്നെങ്കിലും പ്രതിക്കു മുന്നറിയിപ്പു നല്കി വിട്ടയച്ചിരുന്നു. പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് അഗസ്റ്റിന്.