കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്നു പോലീസ് കുറ്റപത്രം. ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
മരിക്കുന്ന ദിവസവും വഴക്കുണ്ടായി. സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്കു കാരണമായി.
ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടുള്ളത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് സജാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പറമ്പില്‍ ബസാറിനു സമീപം ഗള്‍ഫ് ബസാറില്‍ ഭര്‍ത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന കെട്ടിടത്തില്‍ മേയ് 13നു പുലര്‍ച്ചെയാണു ഷഹാനയെ മരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ സജാദിനെ പിന്നീടു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആത്മഹത്യയാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെങ്കിലും, ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ വീട്ടില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചത്.