തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. എഴുന്നളളപ്പിന് എത്തിച്ച കൊമ്പന് ബല്‍റാം ആണ് ഇടഞ്ഞത്. ക്ഷേത്രത്തില്‍ ഇന്നലെ രാത്രി ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. അത്താഴശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതില് കെട്ടിന് പുറത്തെത്തിയത്. പിന്നാലെ പാപ്പാന്‍സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചു.
മറ്റു പാപ്പാന്മാര് സുരേഷിനെ വലിച്ചു നീക്കിയതിനാല്‍ സുരേഷ് ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിര്‍മിച്ച താല്‍ക്കാലിക ഷെഡ് ആന തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന മരങ്ങള്‍ കുത്തി മറിച്ചിടുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ കാച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചു പാപ്പാന്മാര് ആനയെ തളച്ചു.