തിരുവനന്തപുരം: തമിഴ്‌നാട് കുളച്ചലില്‍ യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഴിമലയില്‍ കിരണ്‍ എന്ന യുവാവിനെ കാണാതായിരുന്നു. കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന സംശയമുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും സ്ഥരീകരണങ്ങള്‍ക്കുമായി വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് തിരിച്ചു. കടലിനു സമീപം അവസാനിക്കുന്ന റോഡിലൂടെ കിരണ്‍ വേഗത്തില്‍ ഓടുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിരുന്നു.
ആഴിമല ക്ഷേത്രത്തിലേക്കു തിരിയുന്നതിനു തൊട്ടു മുന്‍പത്തെ കോണ്‍ക്രീറ്റ് റോഡിലൂടെ ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ടിന്റെ ക്യാമറകളിലൊന്നിലെ ദൃശ്യമാണിത്. യുവാവിനെ ആരെങ്കിലും പിന്‍തുടര്‍ന്നിരുന്നുവോ എന്നതില്‍ വ്യക്തത ഇല്ല. ഈ റോഡ് കടലിനു സമീപത്തായി അവസാനിക്കുകയാണ്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ രണ്ടു സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടുവെന്നും യുവാവിനെ പിന്നീടു കടലില്‍ വീണു കാണാതായെന്നുമാണ് വിവരം. അതേസമയം, കിരണിനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയും പൊലീസ് തിരച്ചില്‍ തുടരുന്നു. പെണ്‍കുട്ടിയില്‍ നിന്നുള്‍പ്പെടെ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പെണ്‍കുട്ടിയെ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ അവരുടെ സഹോദരനും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നംഗ സംഘം വാഹനങ്ങളിലെത്തി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞു കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റിക്കൊണ്ടു പോയി. ഇടയ്ക്കു വച്ച് കിരണിനെ കാണാതായെന്നു പറഞ്ഞ് അവര്‍ തങ്ങളോടു വീട്ടിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോടു പറഞ്ഞത്. രാത്രിയായിട്ടും കിരണ്‍ മടങ്ങി എത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതിപ്പെട്ടത്.