തിരുവനന്തപുരം: കൊലപാതകക്കേസ് വിചാരണയ്ക്കിടെ പ്രധാനതെളിവായ ഫോട്ടോഗ്രാഫ് കാണാതായതിനെ തുടര്‍ന്ന് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണയ്ക്കിടെ ഫോട്ടോഗ്രാഫ് കാണാതായത്. കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണ നടക്കവെയാണ് സംഭവം. തുടര്‍ന്ന് ഫോട്ടോ ഗ്രാഫ് കണ്ടെത്താനും, അല്ലെങ്കില്‍ ഫോട്ടോ ഗ്രാഫ് നഷ്ടമായത് എങ്ങനെയാണെന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പോലീസ് കൊലപാതകത്തിന്റെ തെളിവുകളായി 21 ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഒരു ഫോട്ടോഗ്രാഫ് കാണാതായത് ജഡ്ജിയുടെ ശ്രദ്ധയില്‍പെടുകയും വിചാരണസമയത്ത് കോടതിമുറിക്ക് അകത്തുള്ള എല്ലാവരോടും കോടതി മുറിയില്‍ തന്നെ തുടരാന്‍ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷകര്‍ ഉള്‍പ്പടെ എട്ടുപേരാണ് ആ സമയത്ത് കോടതി മുറിയില്‍ ഉണ്ടായിരുന്നത്. ഫോട്ടോഗ്രാഫ് കാണാത്തതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ജഡ്ജി പറഞ്ഞു, പിന്നീട് ഒന്നുകില്‍ ഫോട്ടോഗ്രാഫ് കണ്ടെത്താനും, അല്ലെങ്കില്‍ നഷ്ടമായത് എങ്ങനെയെന്നതുള്‍പ്പടെ വിശദമായ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുകയായിരുന്നു.