CLOSE

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്

Share

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്. ആലപ്പുഴയില്‍ കളങ്കിതനായ വ്യക്തിയെ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്തത് ജനങ്ങളുടെ മനസ്സില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം പൊതുജനങ്ങളുടെ മനസ്സിലുള്ളത് ഒരു കൊലക്കേസിലെ പ്രതി എന്നതാണ്. ക്രിമിനല്‍ ആക്ടിവിസമുള്ള ആളായിട്ടാണ് ആളുകള്‍ ശ്രീറാമിനെ കാണുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യം ജനങ്ങളുടെ മനസ്സില്‍ നീറി നില്‍ക്കുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം സര്‍ക്കാര്‍ എന്ത് തോന്നിവാസവും കാണിക്കുമെന്നതിന്റെ തെളിവാണ്. ഷുക്കൂര്‍ പറഞ്ഞു.

ഇന്നലെയാണ് രേണു രാജിനെ മാറ്റി പകരം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത്. പുതിയ മാറ്റം അനുസരിച്ച് രേണു രാജ് പുതിയ എറണാകുളം കളക്ടറാകും. തിരുവനന്തപുരത്ത് ജെറോം ജോര്‍ജ് കളക്ടറാകും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. ഹരി കിഷോറിനെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ രാജമാണിക്യത്തെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ജാഫര്‍ മാലിക് ആയിരിക്കും പിആര്‍ഡി ഡയറക്ടര്‍.

Leave a Reply

Your email address will not be published.