CLOSE

വത്തിക്കാന്റെ നിര്‍ദ്ദേശം പാലിച്ചില്ല: മാര്‍ ആന്റണി കരിയിലിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍

Share

എറണാകുളം: അതിരൂപത തര്‍ക്കത്തില്‍ ഇടപെട്ട് വത്തിക്കാന്‍. ഏകീകൃത കുര്‍ബാനയില്‍ വത്തിക്കാന്റെയും,സിനഡിന്റെയും നിര്‍ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന്, സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെതിരെ നടപടിയുമായി വത്തിക്കാന്‍. മാര്‍ ആന്റണി കരിയിലിനോട് രാജി വയ്ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തൊന്‍പതിന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി രാജി ആവശ്യപ്പെട്ടത്.

സിറോ മലബാര്‍ സഭയിലെ മുപ്പത്തിയഞ്ച് രൂപതകളില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടപ്പാക്കാത്തത്. മാര്‍പ്പാപ്പയും, വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയവും ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ മെത്രാപ്പൊലീത്തന്‍ വികാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല.

എന്നാല്‍, സിനഡ് തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദ്ദേശവും മാര്‍ ആന്റണി കരിയില്‍ പാലിച്ചില്ലെന്നാണ് വത്തിക്കാന്റെ നിലപാട്. അതേസമയം, രാജിക്കാര്യത്തില്‍ മാര്‍ ആന്റണി കരിയില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നാളെ കൊച്ചിയിലെത്തുന്ന വത്തിക്കാന്‍ സ്ഥാനപതി എറണാകുളം അങ്കമാലി അതിരൂപതയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വത്തിക്കാന്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈദിക സമ്മേളനം ചേരും.

Leave a Reply

Your email address will not be published.