തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ സ്വര്‍ണ്ണപണയ സ്ഥാപനയുടമയായ വയോധികനെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേ വീട്ടില്‍ നവീന്‍ (28), കോട്ടുകാല്‍ തുണ്ടുവിള വീട്ടില്‍ വിനീത് (34), കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ഗോകുല്‍ (23) എന്നിവരാണ് പിടിയിലായത്. വിഴഞ്ഞം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഉച്ചക്കട ചപ്പാത്ത് റോഡില്‍ വട്ടവിള ജങ്ഷനില്‍ സുക്യതാ ഫൈനാന്‍സ് നടത്തുന്ന കോട്ടുകാല്‍ ഉദിനിന്നവിള പുത്തന്‍ വീട്ടില്‍ പദ്മകുമാറില്‍ (60) നിന്നാണ് സംഘം പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. വട്ടവിള ജങ്ഷനിലെ സ്വര്‍ണ്ണ പണയ സ്ഥാപനം പൂട്ടിയ ശേഷം ജ്യേഷ്ഠസഹോദരനായ മോഹന്‍കുമാറിനൊപ്പം തൊട്ടകലെയുളള വീട്ടിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വര്‍ണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാല്‍ ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. ഇവരുടെ കാര്‍ പോലീസ് പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത മുതലില്‍ കുറച്ച് സ്വര്‍ണ്ണവും പണവും പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ച പണമുപയോഗിച്ച് പ്രതികളിലൊരാളായ ഗോകുല്‍ 10000 രൂപ നല്കി പണയമെടുത്ത ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂട്ടാളികളായ ചിലരെ കൂടി പിടികൂടാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
അഞ്ച് പേരാണ് കവര്‍ച്ച സംഘത്തിലുള്ളതെന്നാണ് പോലീസ് പറയുന്നത്. മുഖ്യപ്രതിയായ നവീന്‍ പെണ്‍വാണിഭം, കൊലപാതകം അടക്കമുളള നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോര്‍ട്ട് അസി.കമ്മീഷണര്‍ എസ്. ഷാജി,വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എല്‍ സമ്ബത്ത്, ജി. വിനോദ്, ലിജോ പി. മണി, പ്രസാദ്, സീനിയര്‍ സി.പി.ഒ സെല്‍വരാജ്, സി.പി.ഒ പ്രകാശ്, രാമു, ലജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.