CLOSE

നിലപാട് മയപ്പെടുത്തി സിപിഐ; ലോകായുക്ത ഭേദഗതി മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കാനം

Share

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിന്റെ വിഷയത്തില്‍ കടുംപിടുത്തം വിട്ട് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ ധാരണയിലെത്തി. ഓര്‍ഡിനന്‍സ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്തുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ലോകായുക്ത വിധി പരിശോധിക്കാന്‍ സര്‍ക്കാറിന് പകരം സ്വതന്ത്ര ചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വെക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ത്തുള്ള ഭേദഗതിയെ നേരത്തെ സിപിഐ എതിര്‍ത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഭേദഗതി ഓര്‍ഡിനന്‍സ് തള്ളിയതോടെ നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമാണിപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നത്. ഇത് കാരണമാണ് എതിര്‍പ്പ് മയപ്പെടുത്താന്‍ സിപിഐ തീരുമാനിച്ചത്. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് എടുത്തുകളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്.

പൊതുപ്രവര്‍ത്തകരുടെ നിയമനാധികാരി അപ്പീല്‍ കേള്‍ക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതി എന്ന നിലയിലേക്കാണ് സിപിഐ അയഞ്ഞിയിരിക്കുന്നത്. സിപിഐ പിന്നോട്ട് പോകുമ്പോള്‍ ഈ ബദല്‍ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഎം-സിപിഐ ചര്‍ച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേസമയം സിപിഐയുടെ ഭേദഗതി നിര്‍ദ്ദേശം മുന്‍ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published.