CLOSE

ആലപ്പുഴയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Share

പത്തനംതിട്ട: ആംബുലന്‍സില്‍ ഓക്‌സിജന്‍ കിട്ടാതെ പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജന്‍ മരിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിക്കുള്ള വഴിമദ്ധ്യേ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്നാണ് ആരോപണം.

പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസറോട് ആണ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയത്. അതിനിടെ മരിച്ച രാജന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല പുളിക്കീഴ് പോലീസ് രാജന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ഓക്‌സിജന്‍ സിലന്‍ഡറില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു എന്നാണ് ആംബുലന്‍സിലുണ്ടായിരുന്ന മരിച്ച ആളുടെ സഹോദരന്റെ മകള്‍ പിങ്കി പറഞ്ഞത്. ഓക്‌സിജന്‍ ഇല്ലെന്നറിയിച്ചിട്ടും ആംബുലന്‍സ് ഡ്രൈവര്‍ മിണ്ടിയില്ല. ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ രോഗി മരിച്ചുവെന്നും വെന്റിലേറ്ററില്‍ പോലു പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും മരിച്ച ആളുടെ ബന്ധു പിങ്കി പറഞ്ഞു.

എന്നാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാജനെ എത്തിച്ചപ്പോള്‍ ജീവന്‍ ഉണ്ടായിരുന്നു എന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10 ന് രാജനെ ആശുപത്രിയില്‍ എത്തിച്ചു. 1.40 നാണ് രാജന്‍ മരിക്കുന്നത്. അതായത് ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി എന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആംബുലന്‍സില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ബിജോയിയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published.