CLOSE

ഗാന്ധിചിത്രം തകര്‍ത്ത കേസ്: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Share

കല്‍പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്.

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ പേഴ്സണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ് രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ അഞ്ചുപേരും ഹാജരായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പോലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരില്‍ ഇയാള്‍ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ഐ.പി.സി 427, 153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ചോദ്യംചെയ്യാന്‍ വിളിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇന്നലെ രാത്രി ടി സിദ്ദിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ, ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച ജോര്‍ജ് എന്ന പ്രവര്‍ത്തകനെ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.