CLOSE

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്

Share

ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും
മരുന്ന് ആവശ്യകതയും വിതരണവും: പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വര്‍ധനവും കണക്കാക്കിയാകണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും ഇനിമുതല്‍ മോണിറ്ററിംഗ് സംവിധാനമുണ്ടാകും. ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്ന് ആവശ്യകതയും വിതരണവും ഉറപ്പാക്കാന്‍ സംഘടിപ്പിച്ച പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കെ.എം.എസ്.സി.എല്‍.ന്റെ ഓണ്‍ലൈന്‍ സംവിധാനം ജീവനക്കാര്‍ ഉപയോഗപ്പെടുത്തണം. പ്രത്യേകമായുള്ള സോഫ്റ്റ് വെയറിലൂടെ മരുന്നുകളുടെ റിയല്‍ ടൈം ഡേറ്റ ലഭ്യമാകും. എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്‌ഡേറ്റ് ചെയ്യണം. ഇതിന് ജീവനക്കാരെ സജ്ജമാക്കണം. ഇതിലൂടെ ആ ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് അറിയാനും, കുറയുന്നതനുസരിച്ച് വിതരണം ചെയ്യാനും സാധിക്കും.
ഓരോ ആശുപത്രിയും കൃത്യമായി അവലോകനം നടത്തി വേണം ഇന്‍ഡന്റ് തയ്യാറാക്കേണ്ടത്. സമയബന്ധിതമായി ഇക്കാര്യം കെ.എം.എസ്.സി.എല്‍.നെ അറിയിക്കണം. ഏതൊരു മരുന്നിന്റേയും നിശ്ചിത ശതമാനം കുറവ് വരുമ്പോള്‍ ആശയവിനിമയം നടത്തണം. അതിലൂടെ കുറവുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നു. മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഏകോപനമുണ്ടാക്കാന്‍ ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എംഡി ചിത്ര, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, കെ.എം.എസ്.സി.എല്‍. ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജ്, ജില്ലാ, ജനറല്‍ ആശുപത്രി സൂപ്രണ്ടുമാര്‍, സ്റ്റോര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ പരിശീലന ശില്‍പശാലയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *