CLOSE

കറവ മൃഗങ്ങള്‍ക്കുള്ള സൈലേജ് വിതരണ പദ്ധതി ‘ഹരിതം’ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Share

വെള്ളറട: പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യം മൂലം പശുവിന്റെ ആരോഗ്യം ക്ഷയിക്കുകയും പാലിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നത് മറികടക്കുന്നതിനായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടി.ആര്‍.സി.എം.പി.യു.) നടപ്പിലാക്കുന്ന ഹരിതം സൈലേജ് വിതരണ പദ്ധതിക്ക് തുടക്കമായി. കറവ മൃഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ സൈലേജ് ലഭ്യമാക്കുന്ന പദ്ധതി മൈലച്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

സൈലേജ് കാലിത്തീറ്റയേക്കാള്‍ ചെലവു കുറവും ലാഭകരവുമാണെന്നും പാലുല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും എറണാകുളം, മലബാര്‍ മേഖലാ യൂണിയനുകളുടെ അനുഭവം തെളിയിക്കുന്നതായി മന്ത്രി പറഞ്ഞു. സൈലേജിന് കൊഴുപ്പുള്ള പാല്‍ ലഭിക്കുന്നതിന് പുറമേ കന്നുകാലികളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈല്‍ വെറ്റിനറി യൂണിറ്റുകളും ഓരോ ജില്ലയിലും ആംബുലന്‍സും ആരംഭിക്കും. ഒരു കോടി രൂപ ചെലവില്‍ പുറത്തിറക്കുന്ന ആംബുലന്‍സിനെ ബന്ധപ്പെടാന്‍ പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കും. ഡോക്ടര്‍, നഴ്‌സ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സേവനവും ശസ്ത്രക്രിയ സൗകര്യവും എയര്‍കണ്ടീഷന്‍ സംവിധാനവുമുള്ള ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള റിവോള്‍വിംഗ് ഫണ്ടും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.

സൈലേജ് ശരിയായി വിനിയോഗിച്ചാല്‍ കന്നുകാലികളുടെ ആരോഗ്യത്തിലും പാലുല്‍പ്പാദനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. ഒരു കിലോ സൈലേജിന്റെ വില 8.25 രൂപയാണ്. സബ്‌സിഡി കഴിഞ്ഞ് കിലോയ്ക്ക് 6.25 രൂപയ്ക്ക് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. നാല് ജില്ലകളിലെ താലൂക്കുകളില്‍ ടിആര്‍സിഎംപിയു നാല് മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തെ മൊബൈല്‍ യൂണിറ്റ് അടുത്ത മാസം നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍, മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍, വന്ധ്യതാ ചികിത്സാ ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ടിആര്‍സിഎംപിയു നടപ്പാക്കുമെന്ന് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ച ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട പറഞ്ഞു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍കൃഷ്ണന്‍ മരണാനന്തര ധനസഹായ വിതരണം നടത്തി. പെരുങ്കടവിള ബ്ലോക്കിലെ മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കിയ ആപ്‌കോസ് സംഘത്തിനുള്ള പുരസ്‌കാരം ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജാകുമാരി സമ്മാനിച്ചു.

ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വി.എസ്. പത്മകുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സിമി, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍.സുമല്‍ രാജു, ക്ഷീരവികസന വകുപ്പ് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശശികല ബി., മൈലച്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസിഡന്റ് വി.ശ്രീകണ്ഠന്‍ നായര്‍, അമ്പകംതല ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വി.ഹരീന്ദ്രപ്രസാദ്, ടിആര്‍സിഎംപിയു പി ആന്‍ഡ് ഐ അസി.മാനേജര്‍ ഡോ.ശ്രീജിത്ത് ജെ.ആര്‍. എന്നിവര്‍ സംസാരിച്ചു.

വേനല്‍ക്കാലത്തെ ഉപയോഗത്തിനായി പച്ചപ്പുല്ല് സുലഭമായ കാലത്ത് അതിനെ പ്രൊസസ് ചെയ്ത് സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ഉപാധിയാണ് സൈലേജ് നിര്‍മ്മാണം. സൈലേജ് ആക്കി മാറ്റുന്നതിലൂടെ പുല്ലിന്റെ ഗുണനിലവാരം, പോഷകമൂല്യം എന്നിവ മെച്ചപ്പെടുന്നു.

സൈലേജിലൂടെ നാരിന്റെ അംശം കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുമെന്നതിനാല്‍ കാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പാലിലെ കൊഴുപ്പിന്റെ അളവ് കൂട്ടി മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കര്‍ഷകരെ സഹായിക്കും. 50 കിലോഗ്രാം ബാഗുകളിലാക്കി സീല്‍ ചെയ്താണ് സൈലേജ് വിപണിയില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *