തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിസെപ് കൗണ്ടറിന് ഫെഡറല്‍ ബാങ്ക് ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും നല്‍കി. മെഡിക്കല്‍ കോളേജില്‍ വച്ചു നടത്തിയ ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജണല്‍ മേധാവിയുമായ നിഷ കെ ദാസ് ലാപ്‌ടോപ്പും മറ്റും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന് കൈമാറി. ബാങ്കിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഗവണ്‍മെന്റ് ബിസിനസ് മേധാവിയുമായ കവിത കെ നായര്‍, ബ്രാഞ്ച് മേധാവി വി എസ് ശോഭ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനില്‍ സുന്ദരം, ആര്‍എംഒ ഡോ മോഹന്‍ റോയ്, ലേ സെക്രട്ടറിയും ട്രഷററുമായ പ്രനീത് സുദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌കൂളുകള്‍, ആശുപത്രികള്‍, സ്പോര്‍ട്ട്സ് അക്കാദമികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു ഗുണകരമാവുന്ന നിരവധി സാമൂഹ്യ പ്രതിബദ്ധതാ നടപടികളാണ് ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്നത്.