ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം ഇന്ന് (21 നവംബര്‍) വൈകിട്ടു 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യപൂര്‍ണമായ പരിരക്ഷ, മത്സ്യസമ്പത്തിന്റെ സുസ്ഥിരത, മത്സ്യത്തൊഴിലാളി ക്ഷേമം, മത്സ്യകൃഷി പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് നവംബര്‍ 18 മുതല്‍ പുത്തരിക്കണ്ടം മൈതാനത്ത് മത്സ്യോത്സവം 2022 നടന്നുവരികയാണ്. ഇതിന്റെ സമാപനവും മത്സ്യത്തൊഴിലാളി സംഗമ വേദിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞു രണ്ടിനു കേരള മത്സ്യബന്ധന നിയമവും കേന്ദ്ര മത്സ്യബന്ധന നിയമവും, കടല്‍ രക്ഷാ പ്രവര്‍ത്തനം, കടല്‍ സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും വിദഗ്ധര്‍ ക്ലാസെടുക്കും.
മത്സ്യത്തൊഴിലാളി സംഗമത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ധനസഹായം വിതരണം ചെയ്യും. ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്, പി.പി. ചിത്തരഞ്ജന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, കൗണ്‍സിലര്‍ സിമി ജ്യോതിഷ്, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.