CLOSE

കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ സംസ്‌കൃത സര്‍വ്വകലാശാലയുടെ ചുമര്‍ച്ചിത്രം

Share

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ (SSUS Centre for Preservation and Promotion of Mural Arts and Cultural Heritage – SSUS C-MACH) ആഭിമുഖ്യത്തില്‍ ബിസിനസ് ടെര്‍മിനലിന്റെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമായാണ് ചുമര്‍ചിത്രം ഒരുങ്ങുന്നത്. സര്‍വ്വകലാശാല മ്യൂറല്‍ പെയിന്റിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. ടി. എസ്. സാജുവിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചുമര്‍ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ”അറുപത് അടി നീളവും ആറ് അടി വീതിയുമുളള കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചുമര്‍ചിത്രത്തിന്റെ ഇതിവൃത്തം പ്രധാനമായും കേരളീയ കലാരൂപങ്ങളാണ്. കൂടാതെ ഓണാഘോഷങ്ങള്‍, വളളംകളി, ഉള്‍പ്പെടെ തൃശൂര്‍ പൂരം വരെ ചുമര്‍ചിത്രത്തിലുണ്ട്. കേരളത്തിന്റെ തനത് കലകളായ ഓട്ടംതുളളല്‍, ഒപ്പന, കളംപാട്ട്, ദഫ്മുട്ട്, കൂടിയാട്ടം, തിടമ്പ് നൃത്തം, പുളളുവന്‍ പാട്ട്, തെയ്യം, തിറ, മാര്‍ഗംകളി, കുമ്മട്ടി, കോല്‍ക്കളി, ഭരതനാട്യം, മോഹിനിയാട്ടം, അര്‍ജ്ജുനനൃത്തം ഉള്‍പ്പെടെ മുപ്പതോളം കലാരൂപങ്ങളെ ഒരു കാന്‍വാസില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കാനുളള ശ്രമത്തിലാണ് സംസ്‌കൃത സര്‍വ്വകലാശാലയെന്ന് ഡോ. ടി. എസ്. സാജു പറഞ്ഞു. സര്‍വ്വകലാശാലയിലെ പെയിന്റിംഗ് വിഭാഗം വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും സാജുവിനൊപ്പമുണ്ട്. എ. കെ. സതീശന്‍, അജിത്കുമാര്‍ പി. എസ്., ഗോര്‍ബി ബി., എസ്. വിനോദ്, ബി. രഞ്ജിത്, മാധവ് എസ്. തുരുത്തില്‍, ആര്‍. അനൂപ്, സെന്തില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ചുമര്‍ചിത്ര നിര്‍മ്മാണത്തിലെ അണിയറ ശില്പികള്‍. 360 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള ഈ ചുമര്‍ചിത്രം 19 ലക്ഷം രൂപ ചെലവിലാണ് സിയാലിന്റെ ആവശ്യപ്രകാരം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തെയ്യം പ്രമേയമായ ചുമര്‍ചിത്രം, തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളുടെ പുനഃരുദ്ധാരണം എന്നിവ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് പ്രവര്‍ത്തനങ്ങളാണ്.

‘സര്‍വ്വകലാശാലയിലെ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിലൂടെ ചുമര്‍ചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുകള്‍ നല്‍കുന്നുണ്ട്. ക്ഷേത്രങ്ങള്‍, പളളികള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെ നിലവിലുളള ഇത്തരം ചുമര്‍ചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനുളള നിര്‍വ്വഹണം, നിര്‍വ്വഹണ മേല്‍നോട്ടം എന്നിവ ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിലൂടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഏറ്റെടുക്കും. വിവിധ കണ്‍സള്‍ട്ടന്‍സി ആവശ്യങ്ങള്‍ക്കായി സര്‍വ്വകലാശാല ആരംഭിക്കുന്ന സെക്ഷന്‍ എട്ട് കമ്പനിയുടെ കീഴിലായിരിക്കും ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുക. ആഭ്യന്തര വരുമാനം ലക്ഷ്യമിട്ട് ഇത്തരത്തിലുളള നിരവധി പദ്ധതികള്‍ സര്‍വ്വകലാശാല ആവിഷ്‌കരിച്ച് വരികയാണെന്ന് ‘ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *