CLOSE

നിരവധി കേസുകളില്‍ പ്രതി, സ്ഥിരം വാഹനം മോഷണം: അറസ്റ്റിലായത് 18കാരന്‍

Share

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയായ സ്ഥിരം വാഹനം മോഷ്ടാവ് മോഷ്ടിച്ച വാഹനവുമായി പിടിയിലായി. ജില്ലാ പൊലീസ് മേധാവി അക്ബര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കരുവിശ്ശേരി കരൂല്‍ത്താഴം സ്വദേശി സാജല്‍ എന്ന കണ്ണനെ (18) ആണ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ ജില്ലയിലും അയല്‍ ജില്ലകളിലും നിരവധി മോഷണം നടത്തിയിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് നിരവധി തവണ ഇയാളെ പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മുമ്ബ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇയാളടങ്ങുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ആക്റ്റീവ, ആക്‌സസ് ഇനത്തില്‍പ്പെട്ട സ്‌കൂട്ടറുകളാണ് പ്രധാനമായും ഇയാള്‍ മോഷണം നടത്തിയിരുന്നത്.

മോഷ്ടിച്ച വാഹനങ്ങളുമായി കറങ്ങി നടന്ന് കടകളില്‍ മോഷണം നടത്തുകയും പിന്നീട് മോഷ്ടിച്ചെടുക്കുന്ന സ്‌കൂട്ടറുകള്‍ കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയുമാണ് പതിവ്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍, ഇരുമ്ബ് സാധനങ്ങള്‍ എന്നിവയും മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് നിരവധി ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി പൊലീസ് പറഞ്ഞു.

മോഷണങ്ങള്‍ക്കും ലഹരിക്കും വേണ്ടി റോബറി ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തന്നെയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ ഗ്രൂപ്പില്‍പ്പെട്ട അംഗങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ, എകെ അര്‍ജുന്‍, രാകേഷ് ചൈതന്യം, സുമേഷ്, വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍, സീനിയര്‍ സിപിഒ ജോഷി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *